ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ 69.22 ച.കി.മി. വിസ്തൃതിയിൽ കല്ലടിക്കോടൻ മലയോടും, കരിമലയോടും, പൂഴിക്കുന്ന് മലയോടും, ചേർന്ന് കിട്ടുന്ന പ്രദേശമാണ് കരിമ്പ. മണ്ണും, ആറും കാടം ചേർന്ന മണ്ണാർക്കാടിന്റെ ഭാഗമായ കരിമ്പ ഈ മൂന്നു പാരിസ്ഥിതിക ഘടകങ്ങൾകൊണ്ടും അനുഗ്രഹീതമാണ്. പ്രകൃതി മനോഹരമായ കല്ലടിക്കോട് മലയും അതിൽനിന്ന് ഉത്ഭവിക്കുന്ന തുപ്പനാട് പുഴയും ആറ്റില മീൻവല്ലം വെള്ളച്ചാട്ടങ്ങളും കരിമ്പയുടെ സവിശേഷതയ മനോഹാരിത തന്നെയാണ്. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ കല്ലടിക്കോടൻ മലനിരകൾ ഒരു ജൈവ വൈവിധ്യ കലവറ തന്നെയാണ്. താഴ്വാരങ്ങളും പാറക്കെട്ടുകളും പുഴകളും പച്ചപ്പും സമതലപ്രദേശങ്ങളും ചേർന്ന ഉദ്യാന സമാനമായ ആകർഷണീയത കരിമ്പയുടെ മാത്രം പ്രത്യേകതയാണ്.

കല്ലടിക്കോടൻ മലയുടെ താഴ്വരയും തുപ്പനാട് പുഴയുടെ തീരപ്രദേശവും ചേർന്ന ഈ പ്രദേശം മുഴുവൻ നെൽക്കൃഷിയാണ് പൂർവ്വികർ നടന്നുപോന്നിരുന്നത്. പിന്നീട് മണൽ കലർന്ന എക്കൽ മണ്ണിന് അനുയോജ്യം കരിമ്പ കൃഷിയാണെന്ന് മനസ്സിലാക്കുകയും നൂറ്റാണ്ടുകളായി വ്യാപകമായി കൃഷി ചെയ്യുകയും ചെയ്തു. ക്രമേണ ഈ പ്രദേശം മുഴുവൻ കരിമ്പ കൃഷി വ്യാപിക്കുകയും ഈ പ്രദേശം തിരിയപ്പെടുന്നതു ആ പേരിൽ ആവുകയും ചെയ്തു. ഈ പ്രദേശത്തിലെ ഓരോ സ്ഥലവും കരിമ്പ് എന്ന് കൂട്ടിയാണ് അറിയപ്പെടുന്നത് ഉദാഹരണത്തിന് കരിമ്പ് പള്ളിപ്പടി കരിമ്പ് പനയമ്പാടം തുടങ്ങിയവ ആദ്യകാലത്ത് കരിമ്പ് എന്നറിയപ്പെടുന്ന ഈ പ്രദേശം ഉ കാരം ലോപിച്ച് കരിമ്പ എന്ന് ഇപ്പോൾ അറിയപ്പെടുന്നു